Monday, August 18

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ‘സെവന്‍ ഡേയ്‌സ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി 27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് സൗജന്യമായി വിതരണം ചെയ്യും. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡോ. ഷഹാന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!