
പെരിന്തല്‍മണ്ണ : കുറുക്കന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തിരൂര്‍ക്കാട് പടിഞ്ഞാറേ പാടം പുഴക്കല്‍ വേലുവിന്റെ ഭാര്യ ഇല്ലത്തും പറമ്പ് കാളി(55) ആണ് മരിച്ചത്. ഈ മാസം എട്ടിനാണ് കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നത്.
തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങതൊടി മജീദ് (58) എന്നിവര്‍ക്കാണ് കാളിയെ കൂടാതെ കുറുക്കന്റെ കടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കാളിയും ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവര്‍ ഈ മാസം എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് ജോലിക്ക് പോകുന്ന സമയത്ത് തിരൂര്‍ക്കാട് ശിവക്ഷേത്രത്തിനു പിറകുവശത്തെ വയലില്‍ വെച്ചും മജീദിന് അരിപ്രയില്‍ വെച്ചുമാണ് കടിയേറ്റിരുന്നത്.