പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്.

നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേണ്ടി 3 ഏക്കർ ഭൂമി ജലവിഭവ വകുപ്പിൽ നിന്നും ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് (പൂർത്തീകരണത്തിന്) പണം അനുവദിച്ച് പ്രവർത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകിയില്ലെങ്കിൽ നിലവിൽ പൂർത്തീകരിച്ച കെട്ടിടം കൂടി ഉപയോഗ ശൂന്യമാകുന്ന അവസ്ഥയുണ്ടാകും.

ഈ പദ്ധതിയുടെ തുടർ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 17-03-2022 നും 25-10-2023 നും (രണ്ട് തവണ) ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് യോഗങ്ങളുടെയും തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല. മാത്രമല്ല യോഗ തീരുമാനങ്ങൾ നടപ്പിലാക്കുകയോ, ഈ പദ്ധതിയുടെ നിർമ്മാണത്തിന് താല്പര്യം കാണിക്കുകയോ ചെയ്യാത്തതിനാൽ മേൽപ്പറഞ്ഞ രണ്ട് വർഷങ്ങളിലും ഈ പദ്ധതിക്ക് വകയിരുത്തിയ ഉപയോഗിക്കാൻ കഴിയാതെ നഷ്ട്ടപ്പെട്ട അവസ്ഥയും ഉണ്ടായി.

17-03-2022 ന് ചേർന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിരുന്നു.

1- ഹാബിറ്റാറ്റ് നിർമ്മിച്ച ചുറ്റുമതിൽ നിർമ്മാണത്തിന്റെ അളവുകൾ എടുത്ത് വിലയിരുത്തുന്നതിന് സർക്കാർ നിയന്ത്രിത നിർമ്മാണ ഏജൻസിയായ KEL നെ ചുമതലപ്പെടുത്തണം. ആയതിന്റെ ചിലവ് ഹാബിറ്റാറ്റ് ൽ നിന്നും ഈടാക്കണം. നിർമ്മാണത്തിന് അധികമായി തുക അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

2- 2022-2023 വർഷത്തിൽ തന്നെ ബാക്കിയുള്ള ചുറ്റുമതിൽ നിർമ്മാണവും, ഗേറ്റും ഹാബിറ്റാറ്റ് അല്ലാത്ത ഒരു ഏജൻസി വഴി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം പൂർത്തീകരിക്കണം.

3- രണ്ട് വർഷത്തിനുള്ളിൽ മേഖല ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവർത്തനം കഴിയുന്ന നിലയിൽ നിർമ്മാണ ജോലികൾ നടത്തണം.

ഈ യോഗ തീരുമാനം എടുത്തു രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും, തീരുമാനത്തിൽ പറയുന്നത് പോലെ ചുറ്റുമതിൽ ബാക്കി ഭാഗം പൂർത്തീകരിക്കുകയോ, തുടർ പ്രവർത്തികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. യോഗം ചേരുന്നതിനു മുൻപ് എങ്ങിനെ ആയിരിന്നോ, അതിൽ നിന്നും ഒരടി പോലും ഈ നിമിഷം വരെ മുന്നോട്ട് പോയിട്ടില്ല.

25-10-2023 ന് ചേർന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിരുന്നു.

1- ഹാബിറ്റാറ്റ് 2023 ഒക്ടോബർ 28 നകം ചുറ്റുമതിൽ നിർമ്മാണത്തിന്റെ എം.ബുക്ക് തയ്യാറാക്കി സമർപ്പിക്കണം.

2- ഈ എം.ബുക്ക് KSSTM പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതും, ചുറ്റുമതിലും, ഗേറ്റുമായി ബന്ധപ്പെട്ട ബാക്കി ജോലികൾ ഹാബിറ്റാറ്റ് അല്ലാത്ത മറ്റൊരു ഏജൻസി വഴി അടിയന്തിരമായി പൂർത്തീകരിക്കേണ്ടതാണ്.

3- പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ സംസാരിച്ച് വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനും ഈ പദ്ധതി പ്രദേശത്ത് സുരക്ഷാ ഉദോഗസ്ഥനെ നിയോഗിക്കാൻ KSSTM അടിയന്തിരമായി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

4- ഈ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മേഖല ശാസ്ത്ര കേന്ദ്രത്തിൽ സയൻസ് പാർക്കും, പോപ്പുലർ സയൻസ് ഗാലറിയും അടിയന്തിരമായി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണം.

യോഗതീരുമാനപ്രകാരം ഹാബിറ്റാറ്റ് എം.ബുക്ക് KSSTM ന് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ KSSTM ന്റെ ഭാഗത്ത് നിന്നും യാതൊരു തുടർ നടപടിയും ഉണ്ടായിട്ടില്ല. ആദ്യ യോഗം ചേർന്ന് എടുത്ത തീരുമാനം ഒന്നര വർഷത്തിന് ശേഷം രണ്ടാമത്തെ യോഗം ചേരുമ്പോഴും ആദ്യ യോഗത്തിലെ ചുറ്റുമതിലും, ഗേറ്റും നിർമ്മാണം ആരംഭിച്ചിട്ടില്ല. അതിനാൽ രണ്ടാമത്തെ യോഗത്തിലും ഈ തീരുമാനം വീണ്ടുമെടുത്തു. എന്നാൽ രണ്ടാമത്തെ യോഗം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞിട്ടും ഈ നിമിഷം വരെ ഈ തീരുമാനം നടപ്പിലാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. അതുപോലെ ആദ്യ യോഗത്തിൽ ഈ പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും രണ്ടര വർഷം കഴിഞ്ഞിട്ടും, ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.

ആയതിനാൽ ഈ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് മേൽപ്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കണം. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലെ ഡോമിൽ ഗാലറി സജ്ജീകരിക്കണം. പ്ലാനറ്റേറിയം മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

നടപ്പുവർഷത്തിൽ ചുറ്റുമതിലിന്റെ ബാക്കി ഭാഗവും,പോപ്പുലർ ഗാലറിയും പൂർത്തീകരിക്കുമെന്ന് കെ.പി.എ മജീദിന്റെ നിയമസഭാ സബ്മിഷന് മറുപടിയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിയമസഭക്ക് ഉറപ്പ് നൽകി.

error: Content is protected !!