തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ പോലീസ് പിഴ ചുമത്താറുണ്ട്. മന്ത്രിയുടെ വാഹനം നിയമം ലംഘിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
വൈകുന്നേരം റോഡിൽ ഏറെ തിരക്കുള്ള സമയമായതിനാൽ ഗതാഗത കുരുക്കിൽ പെട്ട് യാത്രക്കാർ വലഞ്ഞു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും ആശുപത്രിയിലേക്ക് പോകുന്ന രോഗികളും നിരവധി വിദ്യാര്‍ത്ഥികളും ഏറെ നേരം റോഡില്‍ കുടുങ്ങി.
ഒണ്‍വേ ബോര്‍ഡ് വകവെക്കാതെ മുന്നോട്ടെടുത്ത വാഹനത്തിന് എതിര്‍ ദിശയില്‍ വരുന്ന മറ്റു വാഹനങ്ങള്‍ ഒണ്‍വേ എന്ന സിഗ്നല്‍ കാണിച്ചിട്ടും വകവെക്കാതെ മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖാണ് മന്ത്രി ഒണ്‍വേ തെറ്റിക്കുന്ന വീഡിയോ സഹിതം പരാതി നല്‍കിയിട്ടുള്ളത്.