താനൂരിലെ നവജാത ശിശുവിന്റെ കൊലപാതകം ; മാതൃസഹോദരിയും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

താനൂര്‍: ഒട്ടുംപുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റില്‍. പരിയാപുരം ഒട്ടുംപുറം ആണ്ടിപ്പാട്ട് ബീവിജ(26)യെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകവിവരം മറച്ചുവെച്ചതിനാണ് ബീവിജയുടെ അറസ്റ്റ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജുമൈലത്തിന്റെ പ്രസവം. പരിചരിക്കാന്‍ ബീവിജയും ഇവരുടെ മാതാവുമായിരുന്നു ആശുപത്രിയില്‍ തങ്ങിയത്. കുഞ്ഞുമായി കോഴിക്കോടു നിന്ന് ഇവര്‍ വന്ന ഓട്ടോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നജീബ്, ഇവര്‍ കുഞ്ഞിനെ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി കാരണം ആണ് കുഞ്ഞിനെ കൊന്നത്. വീട്ടുമുറ്റത്തുതന്നെ കുഞ്ഞിനെ കുഴിച്ചിടുകയുംചെയ്തു.

രഹസ്യസന്ദേശത്തെത്തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. മുഖത്തേറ്റ മര്‍ദനത്തെത്തുടര്‍ന്നായിരുന്നു മരണമെന്ന് പോലീസ് സൂചിപ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന മക്കളും മറ്റും കരച്ചില്‍ കേള്‍ക്കാതിരിക്കാനാണ് ഈ രീതിയില്‍ അരുംകൊല ആസൂത്രണംചെയ്തത്.

മൊബൈല്‍ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് സഹോദരി ബീവിജയുടെ പങ്കു തെളിഞ്ഞത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് താനൂര്‍ സി.ഐ. ജെ. മാത്യു പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാതാവും റിമന്റിലാണ്.

error: Content is protected !!