പിവി അന്‍വറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല, എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചു, പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ല ; എംവി ഗോവിന്ദന്‍

ദില്ലി : പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അന്‍വര്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മറുനാടന്റെ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ എം എസ് മുതല്‍ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയര്‍ന്നത് ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല കൂട്ടായാണ് പാര്‍ട്ടിയെ നയിക്കുന്നത്.

പിണറായി വിജയന്‍ അല്ല പാര്‍ട്ടി. പാര്‍ട്ടിയുടെ ഉന്നതനായ അംഗമാണ്. പി ശശിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ തലത്തിലെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുകയാണ്. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പലരും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാര്‍ട്ടി അധികാരത്തിലെത്തിയിട്ടുണ്ട് സ്വര്‍ണ്ണക്കടത്ത് ആക്ഷേപം ഉയര്‍ന്ന കഴിഞ്ഞ തവണയും പാര്‍ട്ടി അധികാരത്തിലെത്തി. ജനങ്ങള്‍ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി. വയനാട് ദുരന്തത്തെപ്പോലും സര്‍ക്കാരിനെതിരെ വിഷയമാക്കി. മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അന്‍വറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അന്‍വറിന്റേതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!