
മലപ്പുറം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) മികച്ച പ്രവർത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എൽ.പി. സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ(എൻ.എസ്.ഡി) സമ്മാനമായി സിംഗിൾ ഡോർ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകളെ സ്കീമിൽ ചേർത്ത വേങ്ങര എ.ഇ.ഒ’യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ’യുടെ പരിധിയിലുള്ള അമ്പലവട്ടം ക്ലാരി ജി.എൽ.പി സ്കൂളിനെ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവയുടെ വിതരണം നടക്കുന്ന സ്കൂളിന് പ്രയോജനപ്രദമാകുംവിധമാണ് സ്കൂളിന്റെ ആവശ്യം പരിഗണിച്ച് ഫ്രിഡ്ജ് സമ്മാനിച്ചത്.
ചടങ്ങിൽ എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം സ്കൂൾ ഹെഡ്മാസ്റ്റർ രമേഷ് കുമാർ.പി-യ്ക്ക് ഫ്രിഡ്ജ് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സമ്പാദ്യശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും യുവ തലമുറയെ സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റുവാനും സാധിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വാർഡ് മെമ്പർ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ, എൻ.എസ്.ഡി. അസിസ്റ്റന്റ് ഡയറക്ടർ ജിതിൻ.കെ.ജോൺ, വേങ്ങര എ.ഇ.ഒ ടി പ്രമോദ്, എസ്.എസ്.എസ് ക്ളർക്ക് നശീദാ മോൾ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ട്രഷറി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എസ്.എസ്.എസ് സ്കീമിൽ മലപ്പുറം ജില്ലയിൽ നിലവിൽ 528 സ്‌കൂളുകളാണ് അംഗങ്ങളായിട്ടുള്ളത്.