എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍

മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കലില്‍ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. മുന്‍പും നിരവധി തവണ ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!