ജില്ല കടക്കാൻ ഇനി 50 മിനിറ്റ് മാത്രം; മലപ്പുറത്ത് 76 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാത

കുറ്റിപ്പുറം : മംഗളൂരു -ഇടപ്പള്ളി ദേശീയപാതയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 93% ജോലികളും പൂർത്തിയായി. 75.6 കിലോമീറ്റർ നീളത്തിൽ മലപ്പുറം ജില്ലയിൽ പൂർത്തിയാകുന്ന പാത ജൂൺ മാസത്തോടെ പൂർണമായി ഗതാഗതത്തിനു തുറന്നുനൽകും. മെയ് 31 നകം മുഴുവൻ ജിലോയും പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. ഇതിന്റെ ഭാഗമായി പാല ഭാഗത്തും 24 മണിക്കൂറും ജോലികൾ പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്ന് ഇടപ്പള്ളി വഴി മുംബൈ പനവേലിൽ എത്തിച്ചേരുന്ന സുപ്രധാന പാതയാണിത്.

7800 കോടിയോളം രൂപ ചെലവിട്ടാണ് ജില്ലയിൽ പുതിയ പാത യാഥാർഥ്യമാകുന്നത്. ഇതിൽ മൂവായിരം കോടിയിലേറെ രൂപ സ്ഥലമേറ്റെടുപ്പിന് ചെലവഴിച്ചു. 2022 മാർച്ച് 22നാണ് ജില്ലയിലെ ജോലികൾ ആരംഭിച്ചത്. ജംങ്ഷനുകളും യു ടേണുകളും ഇല്ലാത്ത പാതയിലൂടെ ഇനി വെറും 50 മിനിറ്റിൽ ജില്ല കടക്കാനാകും. ജില്ലയിലെ ടോൾ പ്ലാസ വെട്ടിച്ചിറയ്ക്കും കരിപ്പൊളിനും ഇടയിൽ പൂർത്തിയായി. ഈ ഭാഗത്താണു യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും സജ്ജമാക്കിയിട്ടുള്ളത്. കുറ്റിപ്പുറം, വളാഞ്ചേരി, കൂരിയാട്, വട്ടപ്പാറ എന്നിവിടങ്ങളിൽ ജോലികൾ ബാക്കിയുണ്ട്. ഇരുവശത്തും രണ്ട് ട്രാക്കുകളോടുകൂടിയ സർവീസ് റോഡുകൾ അടക്കം ആകെ 10 ട്രാക്കുകളോടെയാണ് പുതിയ പാത ഒരുങ്ങുന്നത്.

error: Content is protected !!