അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

അരീക്കോട് : അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങവെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സിന്റെ പിടിയില്‍. അരീക്കോട് കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ആണ് ‘ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ വീണത്. വ്യാഴാഴ്ച 6.15 ഓടെയാണ് സംഭവം. 5 സെന്റ് ഭൂമിയില്‍ വീട് വെക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അനിലിനെ വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. കാവനൂര്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്.

കാവനൂര്‍ സ്വദേശിയായ പരാതിക്കാരന് അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ കാവനൂര്‍ വില്ലേജ് പരിധിയില്‍ പെട്ട 5 സെന്റ് സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കാവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ജനുവരി മാസം ആദ്യം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തിലെ ഓവര്‍സീയര്‍ സൈറ്റ് പരിശോധിച്ച്, ബില്‍ഡിംഗ് റൂള്‍സ് പാലിച്ചാണ് നിര്‍മ്മാണം നടത്തിയതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പല പ്രാവശ്യം പഞ്ചായത്ത് ഓഫീസില്‍ അന്വേഷിച്ച് ചെന്ന പരാതിക്കാരനെ ബില്‍ഡിംഗിന് 3 മീറ്റര്‍ ഫ്രണ്ട് യാര്‍ഡ് ഇല്ലായെന്നും മറ്റും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി അനില്‍ തിരിച്ചയച്ചിരുന്നു.

ജനുവരി മാസം അവസാനം പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി അനില്‍ പരാതിക്കാരന് ഒരു നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കിട്ടിയ പരാതിക്കാരന്‍ അതുമായി വീണ്ടും പഞ്ചായത്ത് സെക്രട്ടറിയെ കണ്ടപ്പോള്‍ കാര്യം നടക്കണമെങ്കില്‍ ചിലവുണ്ടെന്നും, സൈറ്റ് പരിശോധിക്കാന്‍ വരാമെന്നും, അപ്പോള്‍ 5,000/ രൂപ നല്‍കണമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ വ്യാഴാഴ്ച വൈകിട്ട് 06:15 മണിയോടുകൂടി പരാതിക്കാരന്റെ ചെങ്ങരയിലുള്ള നിര്‍മ്മാണം നടക്കുന്ന വീടിന് മുന്‍ വശം വച്ച് പരാതിക്കാരനില്‍ നിന്നും 5,000/ രൂപ കൈക്കൂലി വാങ്ങവേ കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനിലിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

error: Content is protected !!