തിരൂരങ്ങാടി : ഏപ്രില്‍ 26 ന് വെള്ളിയാഴ്ച്ച കേരളത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുസ്ലിംകള്‍ക്കിടയില്‍ ജുമുഅ: നിസ്‌കാരവുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് പണ്ഡിതന്മാരുടെയും സമുദായ നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സമയ ക്രമീകരണം നടത്താന്‍ പന്തരങ്ങാടി മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി തീരുമാനിച്ചു.
അതിന്റെ ഭാഗമായി സംഘത്തിന് കീഴില്‍ വരുന്ന ബൂത്തുകള്‍ക്ക് പരിസരത്തുള്ള ജുമുഅത്ത് പള്ളികളില്‍ ഇലക്ഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ട് ഘട്ടമായി ജുമുഅ നിര്‍വഹിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ കരിപറമ്പ് കൊട്ടുവലക്കാട് ജുമുഅത്ത് പള്ളി, കക്കുന്നത്ത് പാറ ജുമുഅത്ത് പള്ളി എന്നിവയില്‍ 12.30 ന് തന്നെ ജുമുഅ: ആരംഭിച്ച് മറ്റു പ്രസംഗങ്ങളും ചടങ്ങുകളും ഒഴിവാക്കി 12.50 ന് ജുമുഅ അവസാനിപ്പിക്കുന്ന തരത്തില്‍ ഖുതുബയും നിസ്‌കാരവും ക്രമീകരിക്കാനും.. പ്രസ്തുത പള്ളികളില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് പന്താരങ്ങാടി കേന്ദ്ര പള്ളിയില്‍ 1.15 ന് ജുമുഅ : ആരംഭിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
കൂടാതെ കരിപറമ്പ് സലഫി മസ്ജിദിലും 12.30 ന് തന്നെ ജുമുഅ: നിര്‍വഹിക്കാനും തീരുമാനിച്ചതായി മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പന്താരങ്ങാടി സംയുക്ത മഹല്ല് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ സിപി. ഇസ്മായില്‍ അറിയിച്ചു.