കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍. 14-ാം പ്രതി കെ. മണികണ്ഠന്‍, 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് 5 വര്‍ഷം തടവ്. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.
ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരില്‍ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. കേസില്‍ 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.