
തിരൂരങ്ങാടി : ജില്ലയിൽ ദേശീയ പാതയിൽ അഞ്ചിടങ്ങളിൽ നടപ്പാലം നിർമിക്കാൻ അനുമതിയായി. രാമനാട്ടുകര-വളാഞ്ചേരി റീച്ചിലെ യൂണിവേഴ്സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. 12 കോടി രൂപയാണ്
നിർമാണ ചെലവ്. റോഡിന്റെ ഇരു ഭാഗത്തേക്ക് 45 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഫൂട്ട് ഓവർ ബ്രിജിന് 5.8 മീറ്റർ ഉയരമുണ്ടാകും. പാലത്തിന് 3 മീറ്റർ വീതിയാണ് ഉണ്ടാകുക. വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും. കൈവരി, ഗോവണി എന്നിവയുണ്ടാകും. ദേശീയപാത വികസനം വന്നതോടെ പല പ്രദേശങ്ങളും രണ്ടായി വിഭജിച്ചിരിക്കുകയാണ്, നാട്ടുകാരുടെയും ജന പ്രതിനിധികളുടെ ആവശ്യവും സ്ഥല ലഭ്യതയും കണക്കിലെടുത്താണ് ഫൂട്ട് ഓവർ ബ്രിജ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ വളാഞ്ചേരി – കാപ്പിരിക്കാട് റീച്ചിലെ പൊന്നാനി ഉറുമ്പ് നഗർ, എം ഐ ഗേൾസ് ഹൈസ്കൂൾ, തവനൂർ മദിരശ്ശേരി പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്. ഫൂട്ട്
ഓവർ ബ്രിജ് അനുവദിക്കണമെ ന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തുണ്ട്. എന്നാൽ സ്‌ഥല ലഭ്യത പ്രതിസന്ധി സ്യഷ്ടിക്കുന്നുണ്ട്. തദ്ദേശ സ്‌ഥാപനങ്ങളോ, സംസ്ഥന സർക്കാരോ സ്‌ഥലം വിട്ടു നൽകിയാൽ ഫൂട്ട് ഓവർ ബ്രിജ് വ്യാപകമാക്കാൻ തടസ്സമില്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
അതേ സമയം കൊളപ്പുറത്ത് നടപ്പാലം കൊണ്ട് കാര്യമില്ലെന്നും വാഹന ഗതാഗതത്തിന് സൗകര്യമുള്ള പാലം തന്നെ വേണമെന്നാണ് പ്രദേശത്തുകരുടെ ആവശ്യം. പനമ്പുഴ റോഡ് ജംക്ഷനിൽ പാലം വേണമെന്നാണ് ആവശ്യം. അശാസ്ത്രീയമായി 200 മീറ്റർ അകലെ പാലം നിര്മിച്ചതിനാൽ ഇവിടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകാൻ സൗകര്യമില്ല. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി ഹൈക്കോടതി യെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.