പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലും ഇന്ന് (ജൂലൈ 22) പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കുന്നതിനാലും രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.
നിയന്ത്രണങ്ങള്‍ നിലവിലുള്ള പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തു പരിധിയിലുള്ള സ്കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് അഡ്‍മിഷനായി പോകുന്ന മേല്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
- പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തു പരിധിയില്‍ നിന്നും ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് പോകുന്ന കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
- ഇപ്രകാരം പോകുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും N95 മാസ് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം.
- അഡ്‍മിഷനായി പോകുന്ന വിദ്യാര്‍ത്ഥികളെ ഒരു രക്ഷിതാവ് മാത്രമേ അനുഗമിക്കാന്‍ പാടുള്ളു. ഇപ്രകാരം അനുഗമിക്കുന്ന രക്ഷിതാവും N95 മാസ്ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
- അഡ്‍മിഷനായി പോകുന്ന സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. (0483-2732010, 0483-2732050)
- പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തു പരിധിയില്‍ ടര്‍ഫുകള്‍, ജിംനേഷ്യങ്ങള്‍, മറ്റ് കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
- മേല്‍ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നും ജോലി ആവശ്യാര്‍ത്ഥം യാത്ര ചെയ്യുന്നവര്‍ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണ്.
- സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കര്‍ശനമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
- ഇതിനു പുറമേ പ്ലസ് വണ്‍ അലോട്ട്മെന്റിനായി പോകുന്ന ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും അവരെ അനുഗമിക്കുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം.
- ജില്ലയിലെ എല്ലാ സ്കൂള്‍ മേധാവികളും അഡ്മിഷന്‍ നേടാന്‍ വരുന്നവര്‍ കൂട്ടം ചേരാതെ സാമൂഹിക അകലം പാലിച്ചുകൊണ്ട് അഡ്‍മിഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം.
- സ്കൂള്‍ മേധാവികള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഔരുക്കുകയും വേണം.
- ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇനിയൊരുത്തരവുണ്ടാകുന്നതു വരെ മേല്‍ പ്രതിപാദിച്ച നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.