മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു.

നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. തരാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുമില്ല എന്ന് പി.എം.എ സലാം പ്രതികരിച്ചു.

അതേസമയം മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്.

error: Content is protected !!