തിരൂരങ്ങാടി : സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ് നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി താഴെച്ചിന റോഡ് സ്വദേശി വളപ്പില്‍ അഷ്‌റഫ് (42), മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ ഷമീര്‍ (40) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ മുക്കു പണ്ടം പണയം വെച്ച് 2.91 ലക്ഷം, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 406000, തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പന്താരങ്ങാടി ബ്രാഞ്ചില്‍ നിന്ന് 95000 എന്നിങ്ങനെ തുക തട്ടിയെടുതെന്നാണ് ഷമീറിനെതിരെയുള്ള പരാതി. സംശയം തോന്നിയ ഷമീറിനെ ബാങ്കില്‍ തടഞ്ഞു വെച്ചു പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറുമായി ഇന്ന് തെളിവെടുപ്പ് നടത്തി.
എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം സൗത്ത് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് 2.20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ആശ്രഫിനെ അറസ്റ്റ് ചെയ്തത്. 2 വര്‍ഷം മുമ്പാണ് പണയം വെച്ചത്. പണയം വെച്ച ആഭരണം തിരിച്ചെടുക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് മുമ്പില്‍ വെച്ച് ആഭരണം പൊട്ടിച്ചു നോക്കി, മുക്കുപണ്ടം ആണെന്ന് ബോധ്യപ്പെട്ടപ്പോള്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഇതിന് പുറമെ പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കല്‍ ഹോളിഡേ ബ്രാഞ്ചില്‍ നിന്ന് 215000, എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം ബ്രാഞ്ചില്‍ നിന്ന് 206800, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 134500 രൂപ യും മുക്കുപണ്ടം പണയം വെച്ച് വാങ്ങിയ തിരൂരങ്ങാടി ചൂണ്ടയില്‍ ഹാസിമുദ്ധീനെ പരപ്പനങ്ങാടി പോലീസ് ഏതാനും ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇയാള്‍ ജയിലിലാണ്.
ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇവര്‍ പണയം വെക്കാന്‍ കൊണ്ടുവരുന്നത് എന്നു പോലീസ് പറഞ്ഞു. നല്ല കനത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. മുകള്‍ ഭാഗത്ത് സ്വര്‍ണം ഉപയോഗിച്ചതിനാല്‍ ബാങ്കില്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ഥ സ്വര്‍ണം ആണെന്ന് തോന്നിപ്പിക്കും. ആസിഡ് ഒഴിച്ചു പരിശോധിച്ചിട്ട് പോലും തട്ടിപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പിടിയിലായവര്‍ എല്ലാവരും പരസ്പരം ബന്ധമുള്ളവരാണോ എന്നു അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും സംഘം ഇത്തരം ആളുകളെ ഉപയോഗിക്കുകയാണോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.