സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരെ പൂട്ടാന്‍ പൊലീസ് ; വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലിസ്

തിരൂരങ്ങാടി: സാമൂഹ്യമാധ്യമങ്ങളില്‍ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പൊലിസ്. യാതൊരു ആധികാരികതയില്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്.

തിരൂരങ്ങാടിയിലെ മരണം, പോക്സോ കേസ് ഉള്‍പ്പെടെ ഈയിടെ പല വാര്‍ത്തകള്‍ തെറ്റായും നിയമ വിരുദ്ധമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇവരുടെ ബന്ധുക്കളും മറ്റും പൊലിസിലും, പ്രസ്സ് ക്ലബ്ബിലും പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് പ്രസ്സ് ക്ലബ് വിഷയത്തില്‍ ഇടപെട്ടത്.

വിവിധ വാട്സ് ആപ്പുകളിലും, ഫേസ് ബുക്കിലും ഓണ്‍ലൈന്‍ പത്രമെന്ന വ്യാജേന പേജ് ഉണ്ടാക്കിയാണ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത്. നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ ‘മാധ്യമപ്രവര്‍ത്തകരെ’ന്ന പേരില്‍ ഓടിയെത്തുന്ന ഇവര്‍ ഇതിനായി സ്വന്തമായി ടാഗോടുകൂടി തിരിച്ചറിയല്‍ കാര്‍ഡ് വരെ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പലരും വാഹനത്തില്‍ ‘പ്രസ്’ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഡുകളുപയോഗിച്ച് ഔദ്യോഗിക പരിപാടികളിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങുന്നതും പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന പരിഗണന ദുരുപയോഗം ചെയ്തു വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് ഇത്തരക്കാര്‍ക്കെതിരെ ആരോപണമുണ്ട്. പൊതുജനങ്ങള്‍ക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന കയറിക്കൂടുകയും പുറത്തുവിടാന്‍ നിയന്ത്രണമുള്ള ഫോട്ടോകളും വീഡിയോകളുംവരെ ചിത്രീകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത് പതിവാണ്. പല സ്ഥാപനങ്ങളില്‍നിന്നും നിരവധി പരാതികളാണ് ഇതിനെതിരെ ഉയരുന്നത്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

തിരൂരങ്ങാടി പ്രസ് ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങളും സ്റ്റേഷനിലെത്തിയാണ് പരാതി കൈമാറിയത്. ആധികാരികതയും പി.ആര്‍.ഡി രജിസ്ട്രേഷനുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പ്രസ് ക്ലബ്ബില്‍ അംഗത്വമുള്ളതെന്ന് പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!