മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലെ മലിനീകരണം പരിഹരിച്ചു

മലപ്പുറം: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിലെ മലിനീകരണ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പരിഹരിച്ചു. ഭാവിയില്‍ മലിനീകരണം ഉണ്ടാകാതിരിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ നിശ്ചിത കാലയളവില്‍ സ്ഥാപനം പരിശോധിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. കോടങ്ങാട് സ്വദേശി എം. ഹസന്‍ ഷെരീഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

സ്ഥാപനത്തിലെ കിടക്കകളുടെ എണ്ണം നിയമാനുസൃതം നിജപ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാരണം പ്രദേശത്തെ കുടിവെള്ളവും നെല്‍വയലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന പരാതിയിലാണ് നടപടി. പ്രതിദിനം 25000 ലിറ്റര്‍ രാസവസ്തുക്കളും ആസിഡും കലര്‍ന്ന മലിനജലം ഇവര്‍ വയലിലേക്ക് ഒഴുക്കുകയുമാണെന്നും പരാതിയില്‍ പറഞ്ഞു. കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരാതിക്കാരന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്ന് വെള്ളം ശേഖരിച്ച് പരിശോധനക്ക് അയക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വെള്ളത്തിലെ എല്ലാ ഘടകങ്ങളും അനുവദനീയമായ അളവിലാണെന്ന് കണ്ടെത്തിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് പി.സി.ബി. എഞ്ചിനീയര്‍ സിറ്റിങ്ങില്‍ ഹാജരായി. നിലവില്‍ ഡയാലിസിസ് സെന്ററില്‍ മലിനീകരണ പ്രശ്‌നങ്ങളില്ലെന്ന് പരാതിക്കാരനും അറിയിച്ചു. മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി.

error: Content is protected !!