ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നബാർഡ് ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ജർമനിയിൽ സ്പെഷ്യൽ സ്കൂൾ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ മരുത സ്വദേശി അബ്ദുൾ നിസാറിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ജനപ്രതിനിധികളായ പാത്തുമ്മ ഇസ്മായീൽ, എം.ഷിഹാബ്, ജലജ മണി, പി.കെ അബ്ദുൾ കരീം, ജയ്മോൾ, പി.ടി.എ പ്രസിഡന്റ് പി.ഉമ്മർ, ടി.രവീന്ദ്രൻ, കെ.ടി വർഗീസ്, എം.ടി അലി, സി.യു ഏലിയാസ്, ഇ.എ സുകു, ഗോപൻ മരുത എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപിക സൂസന്‍ സാമുവേല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീർ അല്ലിപ്ര നന്ദിയും പറഞ്ഞു.

error: Content is protected !!