കോഴിക്കോട് : ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്റെ നേതൃത്വത്തില്‍ മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടുപോകരുതെന്നുമാണ് സമസ്ത എ.പി വിഭാഗം നേതാവിന്റെ മുന്നറിയിപ്പ്.
മെക് സെവന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണം. മെക് സെവനെതിരെ ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തി. ചില സ്ഥലങ്ങളെ ആളുകളെ കൂട്ടി വ്യായാമം, കളരി തുടങ്ങിയ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമിയാണ് ഇതിന്റെ പിന്നിലെന്നുമാണ് സമസ്ത നേതാവ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉന്നയിച്ച ആരോപണം. വലിയ ചതിയാണിതെന്നും അതിലൊന്നും മുസ്‌ലിംകള്‍ പെട്ടുപോകരുതെന്നും അവരുമായി അടുത്താല്‍ ഈമാന്‍ നശിച്ചുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
അതേസമയം മെക് സെവന്‍ വ്യായാമമുറ അഭ്യസിക്കാന്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് തന്നെ കൊണ്ടു പോയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് പറഞ്ഞു. മെക് 7 വ്യായാമം പി.കെ. കുഞ്ഞാലിക്കുട്ടി ചെയ്യുന്നതിന്റെ വീഡിയോയും താന്‍ കണ്ടതാണ്. പ്രോത്സാഹിപ്പിക്കേണ്ട വ്യായാമമുറയാണെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ എസ്ഡിപിഐക്ക് മെക് 7നുമായി ബന്ധമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും മെക് 7 നില്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
മെക് 7ന് എതിരെ കേന്ദ്രരഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും മെക് 7 നില്‍ ഉണ്ടെന്നുമാണ് സംഘാടകര്‍ പറയുന്നത്. താനൊരു മുജാഹിദ് ആശയക്കാരനാണെന്നാണ് കൂട്ടായ്മയുടെ സ്ഥാപകനായ പി. സലാഹുദ്ദീന്‍ പറയുന്നത്. മെക് സെവന്‍ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ അല്ലെന്ന് മെക് സെവന്‍ കൂട്ടായ്മ കാലിക്കറ്റ് ചീഫ് കോഡിനേറ്റര്‍ ടി പിഎം ഹാഷിറലി വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവന്‍. 2012 ലാണ് മെക് സെവന്‍ തുടങ്ങുന്നത്. പിന്നീട് ഇതുമായി സഹകരിക്കുന്നവരുമായി ചേര്‍ന്ന് ഈ മൊഡ്യൂള്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തു. എയറോബിക്‌സ്, യോഗ തുടങ്ങി 7 വ്യത്യസ്ത ഫിറ്റ്‌നസ് രീതികള്‍ സംയോജിപ്പിച്ച് 21 വ്യായാമ മുറകളടങ്ങുന്ന ഈ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫോമോ ഫീസോ ഇല്ല. 2022 മുതല്‍ പുതിയ ശാഖകള്‍ ആരംഭിച്ച മെക് 7 മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. ശരീരത്തിനും മനസ്സിനും നവയൗവനം നല്‍കുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാര്‍ക്കിടയിലും പ്രചാരം നേടി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലീഡറും ട്രെയിനര്‍മാരായി സ്ത്രീകള്‍ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവില്‍ വന്നു. യു.എ.ഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് 7 വളര്‍ന്നു.