തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ പരിസര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയ ചെമ്മാട് സ്വകാര്യ ബസ്റ്റാന്റിനെതിരെയും നടപടിയെടുക്കാത്ത തിരൂരങ്ങാടി നഗരസഭക്കെതിരെയും മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ. മലിന ജലം ഒഴുക്കി നാടിനെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റിനെതിരെ അതിനു കൂട്ടുനില്‍ക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുരങ്ങാടി ഡിവിഷന്‍ 30 പരിസരവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് നവകേരള സദസ്സില്‍ പരാതി നല്‍കിയത്.
ചെമ്മാട്ടെ ബസ് സ്റ്റാന്റായി സ്വകാര്യവ്യക്തി നിര്‍മ്മിച്ച തട്ടി കൂട്ട് നാടകത്തിന് കൂട്ട് നിന്ന തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി നടപടി അന്യേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന് മുന്‍പ് ഉപയോഗിച്ചിരുന്ന കിണറിലേക്കാണ് ഇവിടെയുള്ള സ്ഥാപനങ്ങളിലേയും, മറ്റും മലിന ജലം ഒഴുക്കിവിടുന്നത്. ഇത് തൊട്ടടുത്ത വീടുകളിലെ കിണറുകളിലേക്ക് ഉറവയായി എത്തി കുടിവെള്ളം പോലും മുട്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
വേണ്ടത്ര ക്രമീകരണങ്ങള്‍ വരുത്താതെയും പരിസ്ഥിതി സംരക്ഷിക്കാതെയും സ്വകാര്യ വ്യക്തിയുടെ താല്‍പ്പര്യത്തിന് വഴിയൊരുക്കിയ അധികൃതര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് പരിസരവാസികള്‍ നവകേരള സദസ്സില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.