
തിരൂരങ്ങാടി : ജില്ലയിൽ ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ കുടിവെള്ളത്തിലും ഷിഗെല്ലയുടെ സാന്നിധ്യം.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടി യതീംഖാനയ്ക്ക് സമീപമുള്ള കൊക്കോ ഗ്രീൻ ഇളനീർ പാർലർ അടപ്പിച്ചു. മെയ് 30 ന് ഭക്ഷ്യ/ ജല ജന്യ രോഗങ്ങൾ തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനാലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് ലഭ്യമായ പരിശോധനാ ഫലത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും ഇളനീർ പാർലർ അടപ്പിച്ചതും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് സി എസ് അറിയിച്ചു.