Saturday, June 20

യൂത്ത്‌ലീഗ് പരാതിയില്‍ എസ്.പി നേരിട്ടെത്തി; തിരൂരങ്ങാടി പൊലീസ് ക്വാട്ടേഴ്‌സുകള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം

ഒരാഴ്ചയ്ക്കകം പരിസരം വൃത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം; പൊലീസ് ഹബ്ബ് നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലേക്ക്..

തിരൂരങ്ങാടി: വര്‍ഷങ്ങളായി കാടുമൂടി നശിച്ചുകിടക്കുന്ന തിരൂരങ്ങാടി പൊലീസ് ക്വാട്ടേഴ്‌സുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്ന നിര്‍ണായക ഇടപെടലുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ചിത്ര തെരേസ ജോണ്‍ ഐ.പി.എസ്. നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. പരിസരം ഒരാഴ്ചയ്ക്കകം പൂര്‍ണമായും വൃത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരൂരങ്ങാടി പൊലീസിന് എസ്.പി കര്‍ശന നിര്‍ദേശം നല്‍കി.
തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഭ്യന്തര മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സന്ദര്‍ശനം.
ചെമ്മാട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാട്ടേഴ്‌സ് പ്രദേശം കാടുപിടിച്ച് ശോചനീയാവസ്ഥയിലായിരിക്കുന്നതും പഴയ കെട്ടിടങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നതും നേരില്‍ കണ്ട എസ്.പി, യൂത്ത് ലീഗ് ഉന്നയിച്ച ആശങ്കകള്‍ പൂര്‍ണമായും ന്യായമാണെന്ന് വിലയിരുത്തി. തുടര്‍ന്നാണ് അടിയന്തര ശുചീകരണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന പൊലീസ് ക്വാട്ടേഴ്‌സുകള്‍ പൊളിച്ചുനീക്കി അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള സമഗ്ര “പൊലീസ് ഹബ്” സ്ഥാപിക്കണമെന്ന ആവശ്യമാണ് യൂത്ത് ലീഗ് മുന്നോട്ടുവെച്ചത്. പൊലീസ് സ്റ്റേഷന്‍, സി.ഐ ഓഫീസ്, ഡി.വൈ.എസ്.പി ഓഫീസ്, ട്രാഫിക് യൂണിറ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍, ജീവനക്കാര്‍ക്കുള്ള ആധുനിക ഫ്‌ളാറ്റ് സമുച്ചയം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസന പദ്ധതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക ആഭ്യന്തര വകുപ്പ് തന്നെ വകയിരുത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചതായി യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയപ്പോള്‍ അനുകൂല സമീപനം ലഭിച്ചിരുന്നു. എന്നാല്‍ ഇത്രയും വേഗത്തില്‍ നടപടി ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തിരൂരങ്ങാടിയുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമാകുന്ന ചരിത്രപരമായ വികസനത്തിന് ഇതിലൂടെ തുടക്കമാകുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു.
കാടും മാലിന്യവും കാരണം ക്വാട്ടേഴ്‌സ് പരിസരത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പൂര്‍ണമായി വിലയിരുത്താന്‍ സാധിക്കാത്തതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം വീണ്ടും സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും എസ്.പി അറിയിച്ചു.
സന്ദര്‍ശന വേളയില്‍ താനൂര്‍ ഡി.വൈ.എസ്.പി ഗോപകുമാറും എസ്.പി സംഘത്തോടൊപ്പമുണ്ടായിരുന്നു.

error: Content is protected !!