കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് വിദ്യാർഥികൾ ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി വികസിപ്പിച്ച പ്രത്യേക ബില്ലിംഗ് മെഷീൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് (സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) സി.ഡി.എം.ആർ.പിക്ക് കൈമാറി.
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പിയിൽ തൊഴിൽ പരിശീലനം കൂടി നൽകുന്നുണ്ട്. പുതിയ യന്ത്രം ഇവരെ പരിചയപ്പെടുത്തുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് ഗുണം ചെയ്യും. ബി.ടെക്. വിദ്യാർഥികളകൾ അനന്ദു മോഹൻ, എ. ഫസ്‌ന ജബീൻ, ഇ.കെ. ഫാത്തിമ നർജീസ്, പി.ബി. ഐശ്വര്യ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. ബില്ലിംഗ് മെഷീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയാണ്. അധ്യാപകരായ വി. ചിത്ര, കെ. മേഘ ദാസ് എന്നിവർ നിർദേശങ്ങൾ നൽകി.
പ്രത്യേകമായി തയ്യാറാക്കിയ കാൽക്കുലേറ്ററും ബില്ലിംഗ് യന്ത്രവും ഉൾപ്പെടുന്നതാണ് സംവിധാനം. ചിത്രങ്ങൾ, നിറങ്ങൾ, കറൻസി രേഖപ്പെടുത്തിയ കീ എന്നിവയെല്ലാം ഉള്ളതിനാൽ എളുപ്പത്തിൽ കണക്കുകൂട്ടാനാകും. സ്വയം സംരംഭങ്ങളിലൂടെ പണമിടപാട് നടത്തുന്ന ഭിന്നശേഷിക്കാർക്ക് വലിയ സഹായമേകുന്നതാണ് പദ്ധതി. ബില്ലിംഗ് മെഷീൻ സി.ഡി.എം.ആർ.പി. മേധാവി ഡോ. ബേബി ഷാരി ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ഇ.ടി. പ്രിൻസിപ്പൽ ഡോ. സി. രഞ്ജിത്ത്, ഐ.ഇ.ടി. ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവി കെ.സി. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.