കൊച്ചി: സ്വീഡനില്‍ വെച്ച് 2024 ജൂലൈ 14 മുതല്‍ 18 വരെ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഗോത്വിയ കപ്പില്‍ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീര്‍, എറണാകുളം സ്വദേശി എബിന്‍ ജോസ്,കോട്ടയം സ്വദേശി ആരോമല്‍ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രാത്രി 12.15 ന് സ്വീകരണം നല്‍കിയത്.
ക്ലബ്ബിന്റെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്, നാട്ടുകാരനായ കുന്നുമ്മല്‍ ഉമ്മര്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നാട അണിയിച്ചു. തുടര്‍ന്ന് കോച്ചും കുറ്റിപ്പുറം സ്വദേശിയും സ്‌പെഷ്യല്‍ എജുകേറ്ററുമായ അജുവദിനെയും മുഹമ്മദ് ഷഹീറിനെയും ഷഹീറിന്റെ രക്ഷിതാക്കളായ ഹാജിയാരകത്ത് ബഷീറും മുംതാസും കുടുംബാംഗങ്ങളും കൂടി പൂമാലയും നോട്ടുമാല അണിയിച്ചു.
ഫൈനലില്‍ ഡെന്‍ മാര്‍ക്കിനെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. 15 രാജ്യങ്ങളില്‍ നിന്നായി 48 ടീമുകള്‍ പങ്കെടുത്ത ലോകത്തെ തന്നെ ഏറ്റവും വലിയ യൂത്ത് ടൂര്‍ണമെന്റ് ആണ് ഗോത്വിയ കപ്പ്. സ്വീകരണ ചടങ്ങില്‍ മുഹമ്മദ് ഷഹീറിന്റെ കുടുംബാംഗങ്ങളായ പി. യൂനസ്, പി. ഫാറൂഖ്, കെ. നിസാം, എച്ച്. കുഞ്ഞി മുഹമ്മദ് എന്നിവരും സംബന്ധിച്ചു.