യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:
യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായി അന്വോഷിച്ച് കടുത്ത അച്ചടക്കലംഘനമാണ് നടന്നതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.പി.സി.സി കെ.പി.കെ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സമരം നടന്ന ദിവസം തന്നെ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി പകരം ബ്ലോക്ക് പ്രസിഡന്റ് എന്‍പി ഹംസക്കോയക്ക് ചുമതല നല്‍കിയിരുന്നു.

error: Content is protected !!