Wednesday, April 15

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: യൂട്യൂബ് വീഡിയോ നോക്കി വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാർക്കൊപ്പം സ്റ്റീല്‍ പാത്രത്തിനുള്ളില്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ 16 കാരനു ദാരുണാന്ത്യം.
കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടില്‍ എ.കെ. അദ്വൈത് ആണ് മരിച്ചത്.
കൂടുതല്‍ ശബ്ദം കിട്ടുന്നതിനായി സ്റ്റീല്‍പാത്രം കൊണ്ട് മറച്ച്‌ ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം. പാത്രം തകർന്ന് സ്റ്റീല്‍ ചീളുകള്‍ അദ്വൈതിന്റെ ശരീരത്തില്‍ തറച്ചുകയറി. ഇന്റർനെറ്റില്‍ കണ്ട വീഡിയോ അനുകരിക്കുകയാണ് അദ്വൈത് അടക്കമുള്ള കുട്ടികള്‍ ചെയ്തത്. സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റീല്‍ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയില്‍ തറച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നുപോയതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!