മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് – കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി.
കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും ഇടിഞ്ഞ് വീണ് കൊണ്ടിരിക്കുകയാണ്. തോടിന്റെ സമീപത്തുള്ള വീടുകള്‍ക്കും കരയിടിച്ചില്‍ ഭീഷണിയാണ്. കൂടാതെ കുറ്റികാടുകളും മരച്ചില്ലകളും തോട്ടില്‍ വളര്‍ന്നിരിക്കുന്നതിനാല്‍ തോട്ടിലൂടെയുള്ള നീരൊഴുക്കിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കര്‍ഷകരും നാട്ടുകാരും ഏറെ വര്‍ഷങ്ങളായി തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വരുന്നു. അധികൃതര്‍ ആരും ഇത് വരെ അത് ചെവി കൊണ്ടിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വികസന സമിതി ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, വി.പി. ബാവ, സി.എം. ശരീഫ് മാസ്റ്റര്‍, സി.എം. ചെറീദ് , കല്ലാക്കന്‍ കുഞ്ഞ എന്നിവരാണ് നിവേദനം നല്‍കിയത്.