Sunday, January 11

കോട്ടുമലയുടെ സമഗ്ര വികസനാവശ്യങ്ങളുമായി എസ്.വൈ.എസ്–സാന്ത്വനം ക്ലബ് നിവേദനം സമർപ്പിച്ചു

വേങ്ങര: കോട്ടുമല പ്രദേശത്തിന്റെ സുരക്ഷ, വികസനം, സാമൂഹിക പുരോഗതി എന്നിവ ലക്ഷ്യമിട്ട് കോട്ടുമല യൂണിറ്റ് എസ്.വൈ.എസ് കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബ്ബും സംയുക്തമായി തയ്യാറാക്കിയ വിശദമായ നിവേദനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, കോട്ടുമല പ്രദേശം ഉൾക്കൊള്ളുന്ന ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12 വാർഡുകളുടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പാണ്ടികടവത്ത് അബൂ താഹിർ നടത്തുന്ന ജനസമ്പർക്ക പരിപാടിയിൽ സമർപ്പിച്ചു.

ഊരകം വെങ്കുളം എം.യു സ്കൂളിൽ നടന്ന ജനസമ്പർക്ക പരിപാടിയിലാണ് നിവേദനം കൈമാറിയത്. കോട്ടുമല ഗ്രാമം നേരിടുന്ന അടിസ്ഥാന സൗകര്യ കുറവ്, റോഡ് സുരക്ഷ, പൊതുജന സേവനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണം, ഗതാഗത സൗകര്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി ഉൾപ്പെടുത്തിയ സമഗ്ര നിവേദനമായിരുന്നു ഇത്.

നിവേദനത്തിൽ പ്രധാനമായും കോട്ടുമല പാറക്കടവ് അപകട മേഖലയുടെ അടിയന്തിര നവീകരണം, ട്രാഫിക് മിററുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കൽ, കടലുണ്ടി പുഴയുടെ സംരക്ഷണഭിത്തി ശക്തിപ്പെടുത്തൽ, റോഡുകളുടെ ശാസ്ത്രീയ പുനർനിർമ്മാണം എന്നിവ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ നിരവധി അപകടങ്ങളും ഒരു ദാരുണ മരണവും സംഭവിച്ച സാഹചര്യത്തിൽ ഈ പ്രദേശം അതീവ അപകട മേഖല ആയതിനാൽ അടിയന്തിര ഇടപെടൽ ആവശ്യമാണ് എന്നതും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കൂടാതെ ജനസേവന കേന്ദ്രം ആരംഭിക്കൽ, തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ശാസ്ത്രീയ വന്ധ്യകരണ പദ്ധതി, പൊതു വായനശാല/ലൈബ്രറി, കുളിക്കടവുകളുടെ പുനരുദ്ധാരണം, പൊതുവായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, വയോജന കേന്ദ്രം, നീർച്ചാലുകളുടെ സംരക്ഷണം, പ്രധാന റോഡുകളിലെ സുരക്ഷ വർധിപ്പിക്കൽ, ഗ്രാമവണ്ടി മാതൃകയിൽ ബസ് സർവീസ്, റേഷൻ കട, ആരോഗ്യ ഉപകേന്ദ്രം (യുനാനി ഉൾപ്പെടെ), ഓപ്പൺ ജിം, എക്കോ ടൂറിസം പദ്ധതി, വേസ്റ്റ് ബൂത്ത്, ബസ് വെയ്റ്റിംഗ് ഷെഡുകൾ, ഗ്രീൻ പ്രോട്ടോകോൾ, ലഹരി മുക്ത കോട്ടുമല, സാമൂഹിക ഐക്യവും ജനപങ്കാളിത്തവും ശക്തിപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി.

കോട്ടുമല ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും ഭാവി തലമുറയുടെ സുരക്ഷക്കും ഈ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കേണ്ടതിന്റെ അനിവാര്യത നിവേദനം സമർപ്പിച്ചവർ വ്യക്തമാക്കി. വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ ഭരണ നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പാണ്ടികടവത്ത് അബൂ താഹിർ ഉറപ്പ് നൽകി.

ചടങ്ങിൽ എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് കെ. ഇർഫാൻ അഹ്സാനി, മുസ്ലീം യൂത്ത് ലീഗ് ഊരകം പഞ്ചായത്ത് ട്രഷറർ കെ മുൻവർ , എസ്.വൈ.എസ് വേങ്ങര സോൺ പ്രവർത്തക സമിതി അംഗം എം.പി ഷക്കീർ സക്കാഫി, എസ്.വൈ.എസ് ഊരകം സർക്കിൾ വൈസ് പ്രസിഡന്റ് ടി.സി അബ്ദുൽ ഹക്കീം സഖാഫി, എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി മേലത്തിൽ ഷെരീഫ് സാന്ത്വനം ക്ലബ് പ്രവർത്തകരായ പി.എ നസീർ സഖാഫി, എം.കെ കുഞ്ഞാപ്പ, എ.കെ മുഹമ്മദ് കുട്ടി, പനോളി ജലീൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോട്ടുമലയുടെ ദീർഘകാല വികസനത്തിനായുള്ള പൊതുജനങ്ങളുടെ ആത്മാർത്ഥമായ ആവശ്യങ്ങൾ പ്രതിനിധീകരിക്കുന്ന ഈ നിവേദനം ജനസമ്പർക്ക പരിപാടിയിലെ ശ്രദ്ധേയ ഇടപെടലായി.

error: Content is protected !!