Monday, July 28

കാര്‍ തടഞ്ഞ് നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

വള്ളിക്കുന്ന്: കാര്‍ തടഞ്ഞു നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കാറും കവര്‍ന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ മുതിയംബീച്ചിലെ കിഴക്കിന്റെപുരയ്ക്കല്‍ ഉമ്മര്‍ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റു ചെയ്തത്.

മൂന്നുമാസം മുന്‍പ് ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സമീര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്‌ബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങി ഗുരുതരമായ 10-ഓളം കേസില്‍ പോലീസ് തേടുന്ന കൊടുംക്രിമിനലാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കാപ്പ ചുമത്തിയതോടെ ഇയാള്‍ കോടതിയില്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസംതന്നെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

error: Content is protected !!