
മലപ്പുറം : മുണ്ടുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.
മലപ്പുറം ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് വളമംഗലം സ്വദേശിയായ ശ്രീധരന്‍. മലപ്പുറം ജാം ജൂമിന്റെ അവിടെ നിന്നും കാറെടുത്ത് മുണ്ടുപറമ്പിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്തുള്ളൂ. അപ്പോഴേക്കും കാറിന്റെ അകത്തു നിന്ന് ഒരു മണം വരുന്നതായി അദ്ദേഹത്തിന് തോന്നി. ഉടനെ തന്നെ തീ ആളിപ്പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ട ഉടനെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സീറ്റ് ബെല്‍റ്റ് ഊരാന്‍ സാധിച്ചതിനാല്‍ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കാറിന്റെ ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ ബോണറ്റികത്ത് യാതൊരു രീതിയിലുള്ള ഷോട്ട് സര്‍ക്യൂട്ടോ കത്തിയ പാടോ ഒന്നും തന്നെ ഇല്ല. കാറിന്റെ ഉള്‍വശത്തു നിന്നാണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്. എന്‍ജിന്‍ ഭാഗത്തേക്ക് അധികം തീ പടര്‍ന്നിട്ടില്ല. സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.