സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി

കോഴിക്കോട്: നേരത്തെ സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി യായും നിയമിച്ചു. ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു

എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിതയുടെ’ നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുമ്പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. ഇതോടൊപ്പം ഈ വിവാദ കാലത്ത് ഹരിത നേതാക്കള്‍ക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കാനും ഈ സമയത്ത് തീരുമാനമായിരുന്നു. ഇങ്ങനെ നടപടി ഒഴിവാക്കിയ നേതാക്കള്‍ക്ക് പുതിയ ഭാരവാഹിത്വം നല്‍കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പാണ് ഇപ്പോള്‍ ലീഗ് നേതൃത്വം പുറത്തിറക്കിയത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ പി.കെ നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നല്‍കുകയും ചെയ്തത്. എന്നാല്‍ ഹരിത നേതാക്കള്‍ക്കൊപ്പം നടപടി നേരിട്ട എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിലും അവര്‍ക്ക് ഭാരവാഹിത്വം നല്‍കുന്നതിനും എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

error: Content is protected !!