അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്

മലപ്പുറം: പന്നികെണിയില്‍ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം വഴിക്കടവ് കുട്ടിക്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. തോരാക്കണ്ണീരുമായി മനം തകര്‍ന്ന് നിന്ന അച്ഛന്‍ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്.

ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി വീട്ടിലേക്ക്. അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാര്‍ക്കും മുന്നില്‍ ചേതനയറ്റ ശരീരമായി അനന്തു കിടന്നു. ഒടുവില്‍ ഉറ്റവരുടെ സ്‌നേഹം അവസാനമായി ഏറ്റുവാങ്ങിയാണ് പതിനഞ്ചുകാരന്റെ മടക്കം.

അതേസമയം, അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്.

വഴിക്കടവ് വള്ളക്കൊടിയിലാണ് ഇന്നലെ ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗവേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവര്‍ കണ്ടില്ല. ഷോക്കടിച്ച് മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.

error: Content is protected !!