സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ നോട്ടീസ് വീടിനു മുന്നില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടില്‍ നിന്നും കണക്കെടുക്കുവാന്‍ കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകള്‍ പുറത്തെത്തിയത്.

ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടര്‍മാരാണ് പിരിച്ചുവിടല്‍ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്‌സുമാരെയും പിരിച്ചുവിടാന്‍ നീക്കംമുണ്ട്. കൂടാതെ ലാബ് ടെക്‌നീഷ്യന്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, റേഡിയോഗ്രാഫര്‍ ഉള്‍പ്പെടെ 300 ലേറെ ജീവനക്കാരും പുറത്താക്കല്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ നിയമനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. ഇതില്‍ 251 പേര്‍ക്ക് നോട്ടിസ് നല്‍കി. ഡിഎച്ച്എസിന് കീഴില്‍ ആകെ 6000 ഡോക്ടര്‍മാരും ഡിഎംഇയില്‍ ആകെ 2500 ഡോക്ടര്‍മാരുമാണുള്ളത്.

error: Content is protected !!