തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ചു താഴെ ഇടുകയായിരുന്നെങ്കിലും പക്ഷികൾക്ക് രക്ഷപ്പെടാൻ മർഗമുണ്ടായിരുന്നു. യന്ത്രം ഉപയോഗിച്ചു ഏറ്റവും അടിഭാഗത്ത് മുറിച്ചതിനാൽ മരത്തിന്റെ ഒരു ഇലപോലും അനങ്ങാത്തതിനാൽ, തങ്ങൾ വസിക്കുന്ന സ്ഥലം തകരാൻ പോകുകയാണെന്ന് പാവം പക്ഷികൾ അറിഞ്ഞില്ല. ഇതാണ് കൂടുതൽ പക്ഷികൾക്ക് ജീവൻ നഷ്ടമാകാൻ കാരണം. മരത്തിൽ നിറയെ പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു.
മുട്ടയിട്ട് അടയിരിക്കുന്നതും ചെറിയ കുഞ്ഞുങ്ങളും വലിയ പക്ഷികളും ജീവൻ നഷ്ടമായവയിൽ ഉൾപ്പെട്ടു. എരണ്ട, കൊക്ക് എന്നിവയായിരുന്നു മരത്തിൽ കൂട് കൂട്ടിയിരുന്നത്. ഹൈവേ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിൽ ഉൾപ്പെട്ടതാണ് മരം. മറ്റു മരങ്ങൾ മുറിച്ചു മാറ്റിയിരുന്നെങ്കിലും വൈദ്യുതി ലൈൻ കടന്നു പോകുന്നതിനാൽ ഇത് അന്ന് മുറിക്കാൻ പറ്റിയിരുന്നില്ല. ഇന്നലെയാണ് മുറിച്ചത്. മരം മുറിക്കുന്നതും പക്ഷികൾ ചത്തതും പുറംലോകം അറിഞ്ഞത് പ്രദേശത്തുകാരനായ പി.ടി.റിയാസ് പകർത്തിയ വീഡിയോയിലൂടെയാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവർ ഈ വീഡിയോ പങ്കുവെച്ചു. പ്രതിഷേധങ്ങളും സങ്കടവും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ട് നിലമ്പുർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് രാത്രി തന്നെ വനം വകുപ്പ് അധികൃതർ എത്തിയിരുന്നു. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ലിയാഖത്ത് അലി പരാതി നൽകിയിട്ടുണ്ട്.
പക്ഷികളെ കൊന്നത് ക്രൂരമായ നടപടി; ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു: വനം മന്ത്രി
എ ആർ നഗർ വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും.