
തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ നെൽകൃഷി. ഇതു നശിച്ചാൽ ഇവരുടെ വരുമാനം നഷ്ടമാകുന്നു. അതിനാൽ ബാക്കിക്കയം ഷട്ടർ തുറക്കണമെന്നാണ് നന്നംബ്ര പഞ്ചായത്തിന്റെയും കര്ഷകരുടേയും ആവശ്യം. അതേ സമയം, കുടിവെള്ള പദ്ധതിക്ക് വേണ്ടി നിർമിച്ച തടയണ തുറന്നാൽ 6 പഞ്ചായതികളിലെ കുടിവെള്ളം മുട്ടുമെന്നാണ് ഈ പഞ്ചായത്തുകരുടെ വാദം. വേങ്ങര, കണ്ണമംഗലം, ഊരകം, തെന്നല, പെരുമണ്ണ ക്ലറി, ഒഴൂർ, പറപ്പൂർ,തുടങ്ങിയ പഞ്ചായത്തുകളിൽ ഈ തടയണയെ ആശ്രയിച്ചാണ് കുടിവെള്ള പദ്ധതി. ഷട്ടർ തുറന്നാൽ വെള്ളം ഒഴുകിപോകുമെന്നും കുടിവെള്ളത്തിന് അവസാന സമയത്ത് പ്രയാസപ്പെടുമെന്നുമാണ് ഇവർ പറയുന്നത്. തടയണ പ്രവർത്തനം ആരംഭിച്ച ത് മുതൽ ഈ തർക്കം ഉണ്ട്. സംഘട്ടനം വരെ ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് വേങ്ങര, തിരൂരങ്ങാടി മണ്ഡലം എം എൽ എ മാർ ആയിരുന്ന കെ എൻ എ ഖാദറും പി കെ അബ്ദുറബ്ബും തമ്മിൽ വരെ വാക്ക്പോര് ഉണ്ടായിരുന്നു. കലക്ട്രേറ്റിൽ കർഷകരുടെ സമരവും നടന്നിരുന്നു.
നന്നംബ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. പ്രയാസം ജനപ്രതിനിധികൾ കളക്ടറെ അറിയിച്ചതിനെ തുടർന്ന് ഇറിഗേഷൻ, കൃഷി വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ന് കലക്ടറുടെ നേതൃത്വത്തിൽ എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി, ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന യോഗത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റുമാർ തുറക്കുന്നതിലുള്ള എതിർപ്പുകളും പ്രതി ഷേധങ്ങളും അറിയിച്ചെങ്കിലും കെ പി എ മജീദ് എം എൽ എ ഇവിടത്തെ പ്രയാസം ബോധ്യപ്പെടുത്തി. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ തൽക്കാല പരിഹാരത്തിന് വെള്ളം ഉണ്ടാകും എന്നറിയിച്ചതോടെ തൽക്കാലം കുറച്ചു തുറക്കാൻ തീരുമാനിക്കുകയായിരുന്നു. തർക്കം ഇനിയും തുടരാൻ ആണ് സാധ്യത. കടലുണ്ടി പുഴയിൽ മമ്പുറം, പാലത്തിങ്ങൽ ഭാഗങ്ങളിൽ തടയണ ഇല്ലാത്തതാണ് പ്രശ്‌ന ത്തിന് പ്രധാന കാരണം.