കാര്‍ വാഷര്‍ വാങ്ങാന്‍ വന്നതെന്ന് പറഞ്ഞു, സംശയം തോന്നി വിശദമായി പരിശോധിച്ചു, ഒടുവില്‍ കുടുങ്ങി ; കരിപ്പൂരില്‍ 77 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 77 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍. യാത്രക്കാരനായ തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍(29), സ്വര്‍ണം സ്വീകരിക്കാനെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദ്(26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റിംനാസ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ റിംഷാദിനെയും കസ്റ്റഡിയിലെടുത്തു.

എന്നാല്‍, അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തിട്ടും ഇരുവരും കുറ്റംസമ്മതിച്ചില്ല. തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നും യു.എ.ഇ.യില്‍ നിന്ന് കൊടുത്തുവിട്ട കാര്‍ വാഷര്‍ ഉപകരണം വാങ്ങാനാണ് റിംഷാദ് വന്നതെന്നുമായിരുന്നു റിംനാസിന്റെ മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ വാഷര്‍ അഴിച്ച് വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ഇതോടെ റിംനാസിനെ എക്‌സറേ പരിശോധനയ്ക്ക് വിധേയനാക്കി. ഈ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍നാല് ക്യാപ്‌സൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

എന്നാല്‍ എക്‌സറേ പരിശോധനയില്‍ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത് കാണിച്ചു നല്‍കിയിട്ടും താന്‍ ശരീരത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. സ്വര്‍ണം കൈവിട്ടു പോയാല്‍ കള്ളക്കടത്ത് സംഘം വക വരുത്തുമെന്ന ഭയമാണ് ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം 1260 ഗ്രാം സ്വര്‍ണമാണ് യുവാവ് നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇതിന് വിപണിയില്‍ 77 ലക്ഷത്തോളം രൂപ വിലവരും. തിരൂര്‍ സ്വദേശി ഫൈസല്‍, പാലക്കാട് സ്വദേശി ഹബീബ് തുടങ്ങിയവരാണ് സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

error: Content is protected !!