സ്പെയിനിലെ ഇൻ്റർനാഷണൽ ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം

തിരൂരങ്ങാടി: സ്പെയിനിൽ വെച്ച് നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം.

ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ലാൻഡ്സ്കേപ് ആർക്കിയോളജിയുടെയും സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിൻ്റെയും അൽകലാ യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ “മാറുന്ന ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലെ മാനുഷിക വെല്ലുവിളികൾ” എന്ന ശീർഷകത്തിൽ ജൂൺ 10 മുതൽ 14 വരെ നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാനാണ് പിഎസ്എംഒ കോളേജിലെ ചരിത്ര അധ്യാപകനായ ആർ. ശരവണന് അവസരം ലഭിച്ചിരിക്കുന്നത്.

യുനെസ്കോ ലോക പൈതൃക നഗരമായി പ്രഖ്യാപിച്ച സ്പെയിനിലെ അൽകലാ ഡെ ഹേനരസ് നഗരത്തിലെ അൽകലാ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ, “ഇന്ത്യയിലെ മലബാർ തീരപ്രദേശത്തെ പുരാതന തുറമുഖ നഗരങ്ങൾ: കൈയെഴുത്തു പ്രതികൾ മുതൽ ഭൂപ്രകൃതി വരെ” എന്ന പ്രബന്ധമാണ് ശരവണൻ അവതരിപ്പിക്കുക.

പുരാവസ്തു ശാസ്ത്രത്തിൽ ഡിപ്ലോമയുള്ള ആർ. ശരവണൻ നിലവിൽ പുരാവസ്തു ശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്ത് കൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയിലെ ഖോഞ്ചൂർ ഊരിന് അടുത്തുള്ള എഴുത്തുമലയിൽ നിന്ന് പ്രാചീന എഴുത്ത് വിദ്യയുടെ ശേഷിപ്പുകളായ ലിഖിതങ്ങൾ കണ്ടെത്തിയ സൗത്ത് മലബാർ ആർക്കിയോളജിക്കൽ ഫീൽഡ് എക്സ്പ്ളോറേഷന് നേതൃത്വം കൊടുത്തത് ആർ. ശരവണനായിരുന്നു.

പിഎസ്എംഒ കോളജ് ചരിത്ര വിദ്യാർത്ഥികൾക്കൊപ്പം മലബാറിലെ പ്രാചീന ഇരുമ്പു യുഗ ശേഷിപ്പുകൾ തേടിയുള്ള ചരിത്രാന്വേഷണത്തിലാണ് ശരവണൻ ഇപ്പോൾ.

error: Content is protected !!