പരപ്പനങ്ങാടി : കേരള മനഃസാക്ഷിയെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പതിനൊന്ന് പേര്‍ മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ ആറിന് നടക്കും. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി
2023 മെയ് ഏഴിനായിരുന്നു താനൂര്‍ പൂരപ്പുഴ ബോട്ടപകടം നടന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തന്‍കടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി ,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, പി അബ്ദുല്‍ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, സിദ്ധീഖലി രാങ്ങാട്ടൂര്‍, ബ്രീസ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ റഷീദലി ബാബു പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.