താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബത്തെയും വർഗീയവൽക്കരിക്കുക എന്നതാണ് അജണ്ട. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ ഉപയോഗിക്കുന്നു.
ഹിന്ദുത്വ വർഗീയതയോട് വലിയ വിരോധമില്ല എന്നതാണ് യുഡിഎഫ് സമീപനം. അതാണ് തൃശൂരിൽ കണ്ടത്. ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ വർഗീയമായി ചിത്രീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും അതിൻ്റെ മുന്നിൽ നിൽക്കുമ്പോൾ ലീഗ് ഒളിച്ചു നിൽക്കുന്നു.
വർഗീയതയെ എതിർക്കുമ്പോൾ അവരെ വർഗീയ വാദിയായി ചിത്രീകരിക്കുന്നു. ഇ എം എസിനെ പോലും മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നു. ചരിത്രബോധമില്ലാതെയാണ് ലീഗ് പ്രവർത്തിക്കുന്നത്. ഇ എം എസിൻ്റെ ധൈഷണികത മായ്ക്കാൻ ലീഗുകാർ വിചാരിച്ചാൽ നടക്കില്ല.
എല്ലാ വർഗീയതയെയും തുറന്നു കാണിക്കുക എന്നത് തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ കടമയാണ് .