
കരിപ്പൂർ : കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂർ പയ്യന്നൂർ തായങ്കേരി എം.ടി.പി.വീട്ടില്‍ മഷൂദ ഷുഹൈബ് (30) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഇവരുടെ പക്കല്‍നിന്നും 23.429 കിലോ ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് വിപണിയിൽ 23.42 കോടി രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് പറഞ്ഞു.
ബുധനാഴ്‌ച ബാങ്കോക്കില്‍നിന്ന് യുവതി അബുദാബിയിലെത്തി. അവിടെനിന്ന് വ്യാഴാഴ്‌ച പുലർച്ചെ 2.48-ന് എത്തിയ ഇത്തിഹാദ് ഇവൈ 362 വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. ലഗേജ് സ്‌കാനിങ്ങിനിടയില്‍ മിഠായി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതിയെ ചോദ്യംചെയ്തുവരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല. മഷൂദ കഞ്ചാവുവാഹക മാത്രമെന്നാണ് കസ്റ്റംസ് പറയുന്നത്. ആർക്കുവേണ്ടിയാണ് യുവതി കഞ്ചാവ് കടത്തിയത് എന്നതുള്‍പ്പെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി ലഹരിവസ്തുക്കള്‍ കടത്താൻ ശ്രമിച്ച് പിടിയിലാകുന്നവരുടെ എണ്ണം കൂടിവരികയാണ്. ഞായറാഴ്‌ച മസ്‌കറ്റില്‍നിന്നു വന്ന യുവതിയില്‍നിന്ന് ഒരുകിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്.