പ്രസവാനന്തര പരിചരണത്തിനെത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു ; യുവതി പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

മഞ്ചേരി : പ്രസവാനന്തര പരിചരണത്തിനെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല തട്ടാന്‍തൊടി വീട്ടില്‍ ഉമ്മുസല്‍മയെയാണ് (48) മഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പി സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താലിമാലയടക്കം എട്ടു പവന്‍ സ്വര്‍ണമാണ് യുവതി മോഷ്ടിച്ചത്.

കഴിഞ്ഞ നവംബറിലാണ് സംഭവം. പുല്‍പറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇദ്ദേഹത്തിന്റെ മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസല്‍മ വീട്ടിലെത്തിയത്. 14 ദിവസം ഇവര്‍ ഇവിടെ ജോലിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മുസല്‍മ തന്റെ ഭര്‍ത്താവ് മരിച്ചെന്ന് വീട്ടുകാരോട് അറിയിച്ച് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അലമാരക്ക് മുകളില്‍ സൂക്ഷിച്ച താലിമാല, പാദസരം, വള എന്നിവയടക്കം എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ ഗൂഡല്ലൂരിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഉമ്മുസല്‍മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!