സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അഗ്ഗ്രെസ്സീവ് പൊളിറ്റിക്‌സ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ മാന്യതയുടെയും, മിതത്വത്തിന്റെയും വഴിയിലൂടെയും ആശയങ്ങളെയും നിലപാടുകളെയും വിപണനം ചെയ്യാമെന്ന് കാണിച്ചു തന്ന ഒരാളാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലപാടുകളില്‍ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാളായിരുന്നു യെച്ചൂരി. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ അജണ്ടകള്‍ രൂപപ്പെടുത്തുമ്പോള്‍ പ്രതീക്ഷയോടെ ചേര്‍ത്ത് വെക്കാവുന്ന ഇന്ത്യയിലെ പ്രധാന നേതാക്കളിലൊരാളാണ് യെച്ചൂരിയെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അടുത്ത സൗഹൃദമായിരുന്നു യെച്ചൂരിയുമായി ഉണ്ടായിരുന്നത്. ഡല്‍ഹിയിലെത്തുമ്പോള്‍ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന ദേശീയ നേതാക്കളില്‍ ഒരാള്‍. ഇന്ത്യയെ കുറിച്ചും ഭാവിയെക്കുറിച്ചും പ്രതീക്ഷ ഉയരുന്ന നല്ല സമയങ്ങളായിരുന്നു യെച്ചൂരിയുമൊത്തുള്ള സംസാരങ്ങള്‍.
ഇന്ത്യ മുന്നണിക്ക് അദ്ദേഹത്തിന്റെ അഭാവം ഉറപ്പായും അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു