വള്ളിക്കുന്ന് : സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചത് 117 വീടുകള്‍. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം ഫെബ്രുവരി 27ന് നടക്കും. രാവിലെ 11.30ന് അത്താണിക്കലിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്നിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ഇതിൽ പൂർത്തിയായവയുടെ താക്കോൽ കൈമാറ്റമാണ് നടക്കുന്നത്.
മലപ്പുറം ജില്ലയിൽ തന്നെ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ടെ ചുരുക്കം ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് വള്ളിക്കുന്ന്. മൽസ്യത്തൊഴിലാളികളും എസ്.സി വിഭാഗത്തിൽപ്പെട്ടവരും ജനറൽ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ 300 ഗുണഭോക്താക്കളാണ് എഗ്രിമെന്റ് വെച്ച് വള്ളിക്കുന്നിൽ വീടു നിർമ്മാണം നടത്തിവരുന്നത്.
ഭവന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ പറഞ്ഞു. ഓരോ സമ്പത്തിക വർഷവും 100ലധികം ജീർണിച്ച വീടുകളാണ് ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കൾ എഗ്രിമെന്റ് വെച്ചതിൽ 76 പേരും മത്സ്യത്തൊഴിലാളി മേഖലയിൽ 86 ഗുണഭോക്താക്കൾ എഗ്രിമെന്റ് വെച്ചതിൽ 32 പേരും പട്ടികജാതി വിഭാഗത്തിൽ 28 ഗുണഭോക്താക്കൾ എഗ്രിമെന്റ് വെച്ചത്തിൽ ഒമ്പത് പേരുമാണ് വീടു പണി പൂർത്തീകരിച്ചത്. ഇതുവരെ 13,32,60,000 രൂപയാണ് ലൈഫ് ഭവന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ ലൈഫ് ആദ്യ ലിസ്റ്റിലെ 114 വീടുകളും ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.