പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2.49 ലക്ഷം പേര്‍

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2,49,540 പേര്‍. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. അതില്‍ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റിന് ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകര്‍ക്ക് ഇനി അലോട്ട്‌മെന്റ് ലഭിക്കാനുണ്ട്. ജനറല്‍ വിഭാഗത്തിലെ 1,57,137 സീറ്റുകളില്‍ 1,57,110 എണ്ണവും അലോട്ട് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നത് 27 എണ്ണം മാത്രം. പട്ടികജാതി സീറ്റുകളില്‍ 14098 എണ്ണവും പട്ടിക വര്‍ഗ സീറ്റുകളില്‍ 17,094 എണ്ണവും ഇഡബ്‌ള്യുഎസില്‍ 10,694 സീറ്റും ബാക്കിയുണ്ട്.

മറ്റു സംവരണ വിഭാഗങ്ങളില്‍ ശേഷിക്കുന്ന സീറ്റുകള്‍ ഇങ്ങനെയാണ്: ഈഴവ, തിയ്യ, ബിലവ-268, മുസ്ലിം-3740, ക്രിസ്ത്യന്‍ ഒബിസി-1246, ഹിന്ദു ഒബിസി-857, ധീവര-2442, വിശ്വകര്‍മ-97, കുശവന്‍-1571, കുഡുംബി-2156, ഭിന്നശേഷി-3501, കാഴ്ചപരിമിതര്‍-976, ഭാഷ ന്യൂനപക്ഷം-47. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ മൂന്നാം അലോട്ട്‌മെന്റില്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. 10,16 തിയ്യതികളാണ് രണ്ടും മൂന്നും അലോട്ട്മന്റുകള്‍. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ 8199 സീറ്റുകളില്‍ 6121 എണ്ണം അലോട്ട് ചെയ്തു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ 1529 സീറ്റില്‍ 1314 എണ്ണം അലോട്ട് ചെയ്തു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി പുനഃപരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് അലോട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം. രക്ഷിതാവിനൊപ്പമെത്തി രേഖകള്‍ ഹാജരാക്കി നിശ്ചിത ഫീസ് അടച്ചാണ് പ്രവേശനം നേടേണ്ടത്. ഒന്നാമത്തെ ഓപ്ഷനില്‍ തന്നെ അലോട്ട്മന്റ് ലഭിച്ചവര്‍ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്ട്‌മെന്റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ അതനുസരിച്ച് മാറാന്‍ ഇവര്‍ക്ക് അവസരമുണ്ടാകും. ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ധാക്കുകയും ചെയ്യാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളില്‍ നല്‍കണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

error: Content is protected !!