Wednesday, September 2

കെ.എസ്.യു മാര്‍ച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടി കാടത്തം, പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹം ; പികെ കുഞ്ഞാലിക്കുട്ടി

തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടപടി കാടത്തമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കേരള വര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത രീതി കാടത്തമായിപ്പോയി. നസിയ മുണ്ടന്‍പള്ളിയെന്ന വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്. പോലീസ് അതിക്രമത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് തലക്കടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സമാധാന പരമായ ഒരു വിദ്യാര്‍ത്ഥി മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.