വൈത്തിരിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു ; 22 പേര്‍ക്ക് പരിക്ക്

കല്‍പറ്റ: വയനാട് വൈത്തിരിയില്‍ ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൈസൂര്‍ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്‌കൂളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാര്‍ത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72) ബിനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അല്‍പം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി.

47 വിദ്യാര്‍ഥികളും 9 അധ്യാപകരും ബസില്‍ ഉണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Content is protected !!