Thursday, August 27

ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് പൂക്കളം മലപ്പുറത്ത്

മലപ്പുറം ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് എൽ.എൽ.പി.യും സഹകരിച്ച് കോട്ടക്കുന്നിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് പൂക്കളത്തിന്റെ ഉദ്ഘാടനം വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നാളെ (വെള്ളി) വൈകുന്നേരം ആറിന് കോട്ടക്കുന്നിൽ നിർവഹിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.

ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്. ഒൻപത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനത്തിനൊടുവിലാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള വേസ്റ്റ് ടു ആർട്ട് പൂക്കളം പൂർത്തിയായത്.

ഹരിത ഓണം എന്ന ആശയത്തെ മുൻനിർത്തി കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. കഥകളിയുടെയും ചുണ്ടൻവള്ളത്തിന്റെയും രൂപങ്ങൾ ഉൾപ്പെടുത്തിയ പൂക്കളം മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ അവയ്ക്ക് എങ്ങനെ മൂല്യമുള്ള സൃഷ്ടികളായി മാറാനാകുമെന്ന സന്ദേശവും നൽകുന്നു.

“നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം” എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് നിശ്ചിത ബിന്നുകളിൽ മാത്രം നിക്ഷേപിക്കണമെന്നും പൊതുവിടങ്ങൾ ശുചിത്വത്തോടെ സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് പൂക്കളം വഴി നൽകുന്നത്.

കോട്ടക്കുന്നിൽ ഒരുക്കിയിരിക്കുന്ന വേസ്റ്റ് ടു ആർട്ട് പൂക്കളം ഓഗസ്റ്റ് 31 വരെ പൊതുജനങ്ങൾക്ക് കാണാനാകും.

error: Content is protected !!