
മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന്റെ ‘അന്‍പ് വീട്’ പദ്ധതി. ആശുപത്രിവാസം, അടിയന്തര യാത്ര, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഭിന്നശേഷി കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാനും താത്ക്കാലിക പരിചരണവും താമസവും ഉറപ്പാക്കാനുമാണ് പദ്ധതി.
ഭിന്നശേഷി കുട്ടികളെ സ്‌നേഹത്തോടെയും കരുതലോടെയും താത്ക്കാലികമായി പരിചരിക്കാന്‍ താത്പര്യമുള്ള കുടുംബങ്ങളെയും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് സാമ്പത്തിക സഹായവും നല്‍കും. കുട്ടികളുടെ സുരക്ഷ, ദൈനംദിന പരിചരണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മാന്യവും സൗഹൃദപരവുമായ അന്തരീക്ഷവും ഒരുക്കും.
ഒരു ദിവസം മുതല്‍ ഏഴു ദിവസം വരെ കുട്ടികളെ ‘അന്‍പ് വീട്’ സംവിധാനത്തിലൂടെ താത്ക്കാലിക പരിചരണത്തിന് ഏല്‍പ്പിക്കാം. ആറുമാസത്തിനിടെ രണ്ടുതവണ വരെ ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ പ്രത്യേക അനുമതിയോടെ പരമാവധി ഒരു മാസം വരെ ‘അന്‍പ് വീട്’ സൗകര്യം ഭിന്നശേഷി കുട്ടികള്‍ക്ക് ലഭ്യമാക്കും.
ഭിന്നശേഷിയുള്ള വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ സുരക്ഷിതമായൊരു ആശ്രയം ഉറപ്പാക്കുകയും മാതാപിതാക്കള്‍ക്കും പരിചാരകര്‍ക്കും ആവശ്യമായ സമയത്ത് ഭിന്നശേഷി കുട്ടികളെ വിശ്വസ്തമായ കരങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരം ഒരുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭിന്നശേഷി കുടുംബങ്ങളെ ഒറ്റപ്പെടുത്താതെ ചേര്‍ത്തുനിര്‍ത്തുന്ന സാമൂഹിക പിന്തുണാ സംവിധാനമായി ‘അന്‍പ് വീട്’ വികസിപ്പിക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കു പരിധികളിലും ‘അന്‍പ് വീടുകള്‍’ ഒരുക്കുക എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ ലക്ഷ്യം. ഭിന്നശേഷി സൗഹൃദ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രധാന ഇടപെടലുകളിലൊന്നായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
‘അന്‍പ് വീട്’ പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക പരിചരണ സേവനം നല്‍കാന്‍ താല്‍പര്യമുള്ള ഭിന്നശേഷിക്കാരെ പരിചരിച്ച് വരുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483 2735324.
