
സൗദി അറേബ്യയിലേക്ക് വൻതോതില്‍ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി സ്വദേശിയായ അബൂട്ടി വെള്ളില്‍ (41) ആണ് ശിക്ഷിക്കപ്പെട്ടത്.
ഞായറാഴ്ച (27-08-2026) രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. ഇത് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ചിരുന്ന ജി എം സി വാഹനത്തിൽ ലഹരിയുമായി അതിർത്തിയില്‍ വെച്ച് സൗദി സുരക്ഷാസേന അബൂട്ടി വെള്ളിലിനെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 43 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയത്.
കേസില്‍ വിചാരണ കോടതി പ്രൊസിക്യൂഷന് സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രികോടതിയും ശരിവെക്കുകയും വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു. അതെ സമയം സുഹൃത്തിൻ്റെ ആവശ്യപ്രകാരം വണ്ടി എത്തിച്ചതായിരുന്നു എന്നും ലഹരി ഉള്ളതായി അറിയില്ലെന്നുമാണ് അബൂട്ടി പറഞ്ഞിരുന്നത്.
അതേസമയം, നാട്ടിലേക്ക് വരുന്നതിൻ്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇദ്ദേഹം പിടിക്കപ്പെടുന്നത്.
നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അബൂട്ടിയുടെ ജീവിതം അപ്രതീക്ഷിതമായി മാറിയത്. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴിന് കരിപ്പൂരിലെത്തുമെന്നും അബൂട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവനെ വരവേൽക്കാൻ കുടുംബം വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അബൂട്ടി എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു.
എംബസി അധികൃതർ എയർ ഇന്ത്യ ഓഫിസുമായും റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായും ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു യാത്രക്കാരൻ അന്നേദിവസം വിമാനത്തിൽ കയറിയിട്ടില്ലെന്ന വിവരം അറിയുന്നത്. റിയാദിലെ സ്റ്റേഷനുകളിലും ആശുപത്രികളിലും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഐസിഎഫ് പ്രവർത്തകൻ ഇബ്രാഹീം കരീം ഉൾപ്പെടെയുള്ള നിരവധി സാമൂഹിക പ്രവർത്തകരും കുടുംബവും വിഷയം സജീവമായി ഉയർത്തിപ്പിടിച്ചതോടെ എംബസി വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അന്വേഷണം പുരോഗമിക്കവെയാണ് അൽ അഹ്സ ജയിൽ സന്ദർശിക്കാൻ എംബസി പ്രതിനിധികളായ യൂസഫ് കാക്കഞ്ചേരിക്കും രാജീവ് സിക്രിക്കും അനുമതി ലഭിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട 202 ഇന്ത്യൻ തടവുകാരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടയിലാണ് ശോകമൂകനായി ഇരിക്കുന്ന മലയാളി യുവാവ് യൂസഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
പേര് ചോദിച്ചപ്പോഴാണ് രണ്ടാഴ്ചയായി എംബസിയും ബന്ധുക്കളും തെരയുന്ന അബൂട്ടി വള്ളിയിലാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്ന് വ്യക്തമായത്. അരമണിക്കൂറോളം യൂസഫ് കാക്കഞ്ചേരി അബൂട്ടിയോട് കാര്യങ്ങൾ സംസാരിച്ചു.
ഒമാനിൽ നിന്ന് ഒരു ലാൻഡ് ക്രൂയിസർ കാറുമായി സൗദിയിലേക്ക് പുറപ്പെടാൻ സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് അബൂട്ടി യാത്ര തിരിച്ചത്. വാഹനം സൗദിയിലെത്തിച്ചാൽ സുഹൃത്തിന് കൈമാറി നാട്ടിലേക്ക് പോകാമെന്നായിരുന്നു ധാരണ. എന്നാൽ ഒമാൻ-സൗദി അതിർത്തി പ്രദേശമായ ‘ഉമ്മു റമൂൽ’ വച്ച് സൗദി ലഹരിമരുന്ന് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനം തടയുകയും അബൂട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പരിശോധനയിൽ, വാഹനത്തിന്റെ ഇരട്ട പെട്രോൾ ടാങ്കുകളിലൊന്നിൽ ‘ഷാബു’ എന്നറിയപ്പെടുന്ന 43 കിലോ മെത്താഫെറ്റമിൻ എന്ന മാരക ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിനുള്ളിൽ ലഹരിമരുന്നുണ്ടെന്ന വിവരം അബൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പിന്നീട് അന്വേഷണ സംഘം അബൂട്ടിയെ റിയാദ് എയർപോർട്ടിലെത്തിച്ച് ബന്ധുക്കളുമായി വാട്സ്ആപ്പ് ചാറ്റ് നടത്തിക്കുകയായിരുന്നു.
അൽ അഹ്സ വിചാരണ കോടതി അബൂട്ടിക്ക് 25 വർഷത്തെ തടവും ഒരു മില്യൻ റിയാൽ പിഴയുമാണ് ആദ്യം വിധിച്ചത്. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകിയതോടെ, അപ്പീൽ കോടതി ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. 2012ൽ മൂന്ന് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം, 14 വർഷത്തിന് ശേഷമാണ് ലഹരിമരുന്ന് കേസിൽ മറ്റൊരു മലയാളി കൂടി സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാകുന്നത്.
‘അറിഞ്ഞോ അറിയാതെയോ ലഹരിമരുന്ന് റാക്കറ്റിന്റെ വലയിൽ പെട്ടാൽ സ്വന്തം ജീവിതം തന്നെയാണ് ഹോമിക്കപ്പെടുന്നത്’– യൂസഫ് കാക്കഞ്ചേരി മുന്നറിയിപ്പ് നൽകുന്നു. നൈമിഷിക സുഖത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴരുതെന്നും, അപരിചിതരായ ആളുകളുടെ സാധനങ്ങളോ വാഹനങ്ങളോ കൈവശം വെക്കുന്നതിലും കൊണ്ടുപോകുന്നതിലും പ്രവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
